പാലാ: കേരളത്തിലെ ജനങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കാനാണ് പുതുയുഗയാത്ര സംഘടിപ്പിച്ചിരിക്കുന്നതെന്നും കേരളത്തെ കടക്കെണിയില്‍നിന്നു യുഡിഎഫ് രക്ഷിക്കുമെന്ന് വി.ഡി. സതീശന്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന പുതുയുഗയാത്രയ്ക്ക് പാലായില്‍ നല്കിയ സ്വീകരണത്തിന് നന്ദിപറഞ്ഞ് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിലക്കയറ്റമുള്ള സംസ്ഥാനം കേരളമാണ്. സപ്ലൈകോയില്‍ സാധനങ്ങളില്ല, ആശുപത്രിയില്‍ മരുന്നുകളില്ല. വൈദ്യുതി ബോര്‍ഡ് 5000 കോടി രൂപ കടത്തിലാണ്. കെഎസ്ആര്‍ടിസി തകര്‍ന്നു. ക്ഷേമനിധികളും തകര്‍ന്നു. തകര്‍ന്ന സമ്പദ്വ്യവസ്ഥയെ യുഡിഎഫ് ഗവണ്മെന്റ് പുനരുജ്ജീവിപ്പിക്കും. ആരോഗ്യത്തിന്റെ ഡസ്റ്റിനേഷനായി കേരളത്തെ ഞങ്ങള്‍ മാറ്റും. വിദേശത്ത് പഠിക്കാന്‍പോയ വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ തന്നെ പഠിക്കാന്‍ അവസരം ഉണ്ടാകും. പുതിയ തൊഴില്‍ സംരംഭങ്ങള്‍ക്കുള്ള പദ്ധതികള്‍ ആവിഷ്കരിക്കും.
കര്‍ഷക മേഖലയില്‍ ചെറുവിരല്‍ അനക്കാത്ത സര്‍ക്കാരാണ് ഇവിടെയുള്ളത്. കര്‍ഷകര്‍ക്കായി സമഗ്ര പാക്കേജ് രൂപീകരിക്കും. മിഷന് സമുദ്ര എന്ന പേരില്‍ കോസ്റ്റല്‍ ഷിപ്പിംഗ് ടൂറിസം പദ്ധതി ആരംഭിക്കും. യുഡിഎഫ് ഭരണത്തില്‍ വന്നാല്‍ പിന്‍വാതില്‍ നിയമനങ്ങള്‍ പുനഃപരിശോധിക്കും. ആരു വര്‍ഗീയത പറഞ്ഞാലും എതിര്‍ക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
രാവിലെ 10.30 ന് പാലായിലെത്തിയ പുതുയുഗയാത്രയ്ക്ക് പ്രവർത്തകർ ഉജ്വല വരവേൽപ്പാണു നൽകിയത്. കുരിശുപള്ളിയില്‍ നേര്‍ച്ചയര്‍പ്പിച്ച് പ്രാര്‍ഥിച്ച് ഇറങ്ങിയ പ്രതിപക്ഷ നേതാവിനെ കുരിശുപള്ളിക്കവലയില്നിന്ന് മാണി സി. കാപ്പന് എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ദിയാ ബിനു എന്നിവരോടൊപ്പം തുറന്ന വാഹനത്തില്‍ വാദ്യഘോഷങ്ങളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ പ്രകടനമായി സ്റ്റേഡിയം ജംഗ്ഷന് വഴി മീനച്ചിലാറിന്റെ തീരത്തുള്ള പുഴക്കര നഗറില്‍ തയാറാക്കിയ പന്തലില്‍ എത്തിച്ചു.
യുഡിഎഫ് പാലാ നിയോജകമണ്ഡലം ചെയര്മാന് പ്രഫ. സതീശ് ചൊള്ളാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എമാരായ മാണി സി. കാപ്പന്, മോന്‍സ് ജോസഫ്. ഫ്രാന്‍സിസ് ജോര്‍ജ് എംപി, കെ.സി. ജോസഫ്, ജോസഫ് വാഴയ്ക്കന്, ജോയി ഏബ്രഹാം, ഫില്‍സണ്‍ മാത്യൂസ്, ടോമി കല്ലാനി, ജോഷി ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.
സംസ്ഥാനത്തെ ആരോഗ്യമേഖല
എൽഡിഎഫ് വെന്റിലേറ്ററിലാക്കി
ഈരാറ്റുപേട്ട: കഴിഞ്ഞ പത്തു വർഷത്തെ ഇടതുഭരണം കേരളത്തെ മുച്ചൂടും മുടിച്ചുവെന്നും ആരോഗ്യ മേഖല പൂർണമായും വെന്റിലേറ്ററിലായെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പുതുയുഗയാത്രയ്ക്ക് പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഈരാറ്റുപേട്ടയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നമ്പർ വണ്ണായ കേരളത്തിലെ സർക്കാർ ആശുപത്രിയിൽ ഓപ്പറേഷനു വിധേയരാകേണ്ടി വരുന്ന പാവപ്പെട്ടവന് വയറ്റിൽ കത്രികയുമായി മടങ്ങിവരേണ്ട അവസ്ഥയാണ്. ആരോഗ്യ സംവിധാനത്തെ പരിഷ്കരണങ്ങളിലൂടെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കുക എന്നതാണ് യുഡിഎഫിന്റെ നയം. അടുത്ത തെരഞ്ഞെടുപ്പിൽ നൂറിലേറെ സീറ്റുകളുമായി യുഡിഎഫ് അധികാരത്തിൽ ഏത്തുമെന്ന് ഉറപ്പ് നൽകുന്നതായും വി.ഡി. സതീശൻ പറഞ്ഞു.
പോലീസ് സ്റ്റേഷന് മുൻവശം എത്തിച്ചേർന്ന ജാഥയെ നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർ ചേർന്ന് സ്വീകരിച്ചു. ബാന്റുമേളങ്ങളും ചെണ്ടമേളങ്ങളും സ്വീകരണത്തിന് കൊഴുപ്പേകി. തുടർന്ന് സെൻട്രൽ ജംഗ്ഷനിൽ നടന്ന പൊതുയോഗത്തിൽ യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ മജു പുളിക്കൻ അധ്യക്ഷത വഹിച്ചു.
ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി. സി.പി. ജോൺ, ബെന്നി ബഹനാൻ എംപി, മുഹമ്മദ് ഷാ, മോൻസ് ജോസഫ് എംഎൽഎ, രാജു പി. നായർ, തോമസ് കല്ലാടൻ, ജോമോൻ ഐക്കര, വി.എം. മുഹമ്മദ് ഇല്യാസ്, മുനിസിപ്പൽ ചെയർമാൻ അഡ്വ വി.പി. നാസർ, സാബു പ്ലാത്തോട്ടം, പ്രകാശ് പുളിക്കൻ, അസീസ് ബഡായി, മുഹമ്മദ് ഹാഷിം, അനസ് നാസർ എന്നിവർ പ്രസംഗിച്ചു.
കടുത്തുരുത്തിയില്‍ ഇന്ന് സ്വീകരണം
കടുത്തുരുത്തി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന യുഡിഎഫ് പുതുയുഗയാത്രയ്ക്ക് ഇന്ന് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കടുത്തുരുത്തിയിൽ സ്വീകരണം നല്‍കും. യാത്രയ്ക്കു നിയോജകമണ്ഡലത്തില്‍ വരവേല്‍പ്പ് നല്‍കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചതായി യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് ലൂക്കോസ് മാക്കീല്‍, കണ്‍വീനര്‍ മാഞ്ഞൂര്‍ മോഹന്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.
രാവിലെ 10.30ന് കടുത്തുരുത്തി മിനി സിവില്‍ സ്റ്റേഷന് സമീപമുള്ള പഞ്ചായത്ത് ഗ്രൗണ്ടിലെ വേദിയില്‍ പൊതുസമ്മേളനം ആരംഭിക്കും. 11ന് കടുത്തുരുത്തി പുതിയ ബൈപാസ് ജംഗ്ഷനില്‍ പുതുയുഗ യാത്രക്ക് നേതൃത്വം കൊടുക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ജാഥാ അംഗങ്ങളെയും മോന്‍സ് ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് പ്രകടനമായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രതിപക്ഷ നേതാവിനെ കടുത്തുരുത്തി ടൗണിലെ സമ്മേളനവേദിയിലേക്ക് ആനയിക്കും. യുഡിഎഫ് യുവജന-വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തിൽ ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് ജാഥയെ വരവേല്‍ക്കുന്നത്.
പൊതുസമ്മേളനത്തില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി മെംബര്‍ രമേശ് ചെന്നിത്തല, കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, ബെന്നി ബഹനാന് എംപി, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, വി.കെ. ശ്രീകണ്ഠന് എംപി, സിഎംപി സംസ്ഥാന സെക്രട്ടറി സി.പി. ജോണ്‍, യുഡിഎഫ് നേതാക്കളായ ഷാനിമോള്‍ ഉസ്മാന്, നാട്ടകം സുരേഷ്, ഇ.ജെ. ആഗസ്തി, ഫില്‍സണ്‍ മാത്യൂസ്, ജെയ്സണ്‍ ജോസഫ്, അസീസ് ബഡായി, സുനു ജോര്‍ജ്, ജയിംസ് പുല്ലാപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിക്കും.
വാഹന പാർക്കിംഗ്
പുതുയുഗയാത്രയിൽ പങ്കെടുക്കാനെത്തുന്ന ഏറ്റുമാനൂര്‍, കുറവിലങ്ങാട്, ഉഴവൂര്‍, മരങ്ങാട്ടുപിള്ളി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ ബൈപാസ് റോഡിലും മുട്ടുചിറ ഭാഗത്തും മുളക്കുളം, ഞീഴൂര്‍, ആപ്പാഞ്ചിറ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ മാര്‍ക്കറ്റ് ജംഗ്ഷനു സമീപത്തും ഗൗരിശങ്കരം ഓഡിറ്റോറിയത്തിന്റെ ഭാഗത്തും പാർക്ക് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.